തേൻനോക്കി മലയിലൂടെ

Credits # Albz Wanderlust # Youtube


യാത്രികൻ ടീമിനൊപ്പം തേൻ നോക്കി മലയിലൂടെ ഒരു സഞ്ചാരം.....
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പണ്ടീ മലമുകളിൽ നിറയെ തേനായിരുന്നു എന്നാണ് ഞങ്ങളുടെ ഗൈഡായി വന്ന രഞ്ജിത്തേട്ടൻ പറഞ്ഞത്. പക്ഷെ നമ്മെ ഇങ്ങോട്ടാകർഷിക്കുന്നത് കാടിന്റെ വ്യത്യസ്തമായ സൗന്ദര്യവും adventure ട്രക്കിങും ആനയുടെ സാന്നിധ്യവും ഒക്കെയാണ്.. ഏകദേശം 15 km കാട്‌ കയറിയാണ് ഈ ട്രക്കിങ്‌. അതും ആനകളുടെ വിഹാര കേന്ദ്രത്തിലൂടെ. ഗൈഡിന്റെ സഹായമില്ലാതെ ഇതുവഴിയുള്ള യാത്ര ആത്മഹത്യാപരമായിരിക്കും.

നേര്യമംഗലം ഫോസ്റ് റേഞ്ചിൽ ഉൾപ്പെട്ട പിണവൂർ കുടിയിലാണ് തേൻ നോക്കി മല സ്ഥിതി ചെയ്യുന്നത്. കോതമംഗലം കുട്ടമ്പുഴ ഉരുളന്തണ്ണി വഴി പിണവൂർ കുടിയിലെത്താം. 

ഏകദേശം പത്ത് നാല്പത്തിയാറ് പേര് ഉണ്ടായിരുന്നു ഈ എവെന്റിന്‌.
പിണവൂർ കുടിയിലെ ഒരു വീട്ടിൽ നിന്ന് പൊറോട്ടയും ഗ്രീൻ പീസ് വിത്ത് കടലക്കറിയും തട്ടി ഞങ്ങൾ ട്രക്കിങ് ആരംഭിച്ചു. നാട്ടു വഴിയിലൂടെ നടന്ന് ഒരു മൈതാനം. അതിനപ്പുറം ഈറ്റകാടുകളാൽ ചുറ്റപ്പെട്ട കാട്‌. ഈ മൈതാനത്ത് ആന വിലസിയ കഥ രഞ്ജിത്തേട്ടൻ പറഞ്ഞു തന്നു. അവിടെ ആനയെ ശബ്ദമുണ്ടാക്കി തുറത്തുന്ന സെറ്റ് അപ്പ് ഒക്കെ ഉണ്ട്.

"ഈറ്റ കാട്ടിൽ ആന എവിടെ നിൽക്കുന്നു എന്ന്‌ പറയാൻ പറ്റില്ല"
"ആന വന്നാൽ ചിതറി ഓടരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അഡ്മിൻ ആൽബിൻ പറഞ്ഞുതന്നു"

ഈറ്റകാടുകൾക്കിടയിലൂടെ കുത്തനെ ഉള്ള മലകയറ്റം. മഴക്കാലമല്ലാത്തതിനാൽ അട്ടശല്യം കുറവായിരുന്നു. കുറെ മുകളിൽ ചെന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ചെങ്ങായി കാലുവേദനയെടുത്ത് പുളയുകയാണ്. നടക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന് വെള്ളമൊക്കെ കൊടുത്ത് കുറച്ചു നേരം ഞങ്ങൾ റസ്റ്റ് ചെയ്തു. പയ്യെ പിടിച്ചു കയറ്റാം എന്ന് ഞങ്ങൾ പറഞ്ഞു. അദ്ദേഹത്തിന് കയറണമെന്ന്‌ താല്പര്യം ഉണ്ടായിരുന്നെങ്കിലും ഒരടി മുന്നോട്ട് വയ്ക്കാൻ കഴിയാഞ്ഞതിനാൽ അഡ്മിൻ ബ്രോ mr ആൽബിനും മറ്റൊരാളും അദ്ദേഹവുമായി താഴോട്ട് ഇറങ്ങി. 

ഞങ്ങൾ ട്രക്കിങ്‌ തുടർന്നു. കുറച്ചു മുന്നോട്ട് കയറിയപ്പോൾ ഈറ്റകാട്‌ അവസാനിച്ചു. പിന്നെ കാടിന്റെ മറ്റൊരു രൂപം. മറിഞ്ഞു കിടക്കുന്ന മരങ്ങളും ആന പിണ്ഡങ്ങളും നിറഞ്ഞ കയറ്റം. അപ്പോഴിതാ മറ്റൊരു ചെങ്ങായി കണ്ണടച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ ഇരുട്ട് കയറിയിരിക്കുകയാണ്. ഏകദേശം കാൽ അണിക്കൂറോളം ഞങ്ങൾ അദ്ദേഹത്തിനൊപ്പം ഇരുന്നു. അപ്പോൾ ഗൈഡ് പറഞ്ഞു ഇവിടെ ഇരിക്കുന്നത് അപകടമാണ് ആനച്ചൂരടികുന്നുണ്ട്. പോരാത്തതിന് ആനയുടെ സാനിധ്യം ഉണ്ടാകുമ്പോൾ ഒരുതരം ഈച്ചകൾ വരും അത് ഞങ്ങളുടെ ചുറ്റും വട്ടം കറങ്ങുന്നുണ്ട്. ഒരഞ്ചു മിനിറ്റിനു ശേഷം ബോധം പോയ അദ്ദേഹം എഴുനേറ്റു. എല്ലാം ഓക്കേ ആയി. പിന്നീട് അദ്ദേഹം ആണ് ഞങ്ങളെ കൈ പിടിച്ചു കയറ്റിയത്. 

കരിയിലകൾ നിറഞ്ഞ പാതയിലൂടെ മുളങ്കമ്പിൽ പിടിച്ചും കാട്ട് വള്ളിയിൽ തൂങ്ങിയും പടർന്ന് കിടക്കുന്ന മര വേരിൽ ഇരുന്ന് പോട്ടം പിടിച്ചും പയ്യെ ഞങ്ങൾ മല കയറ്റം തുടർന്നു. പാറയുടെ മുകളിൽ കയറി താഴേക്ക് നോക്കിയാൽ നിഗൂഡ വന കാഴ്ച കണ്ണിനെ കുളിരണിയിപ്പിക്കുന്നതാണ്‌. പിന്നീടങ്ങോട്ട് കാടിന്റെ നിറം മാറി. പഴുത്തിലകൾ പരവതാനി വിരിച്ചിരുക്കുന്നത് പോലെ വഴിയിലാകെ വീണു കിടക്കുന്നു. ഇലകൾക്കാകെ മഞ്ഞ ഓറഞ്ചു നിറം. കാറ്റ് വീശിയപ്പോൾ മരത്തിൽ നിന്ന് പാറിപ്പറന്ന ഇലകൾ ഞങ്ങളെ സ്വാഗതം ചെയ്ത പോലെ തോന്നി. വൻ പാറയുടെ ഇടയിലൂടെ വളരെ ശ്രമപ്പെട്ടാണ് ഇനി മലയിറങ്ങുന്നത്. ആ പാതയിലും നിറയെ ആന പിണ്ഡങ്ങൾ. ഇത് വഴിയും ആന സഞ്ചരിക്കുന്നതോർത്ത് അതിശയം തോന്നുന്നു.

വലിയ പാറയുടെ മുകളിലൂടെ കയറിയിറങ്ങി ഈറ്റക്കാറ്റിലൂടെയാണ് ഇനി സഞ്ചാരം. എന്നാൽ അങ്ങോട്ട് കയറുന്ന സമയം ആനയുടെ സാനിധ്യം ഞങ്ങൾ അറിഞ്ഞു. എല്ലാവരും അവിടെ ശബ്ദമുണ്ടാക്കാതെ ഇരുന്നു.ഗൈഡ് ആയി വന്നവർ പയ്യെ മുന്നോട്ട് പോയി നിരീക്ഷിച്ചതിനു ശേഷം ഞങ്ങൾ അവരുടെ പിന്നാലെ യാത്ര ആരംഭിച്ചു.

ചെറിയ കാട്ടാരുവിയിൽ നിന്ന് മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷ് ആയി പാറകെട്ടുകൾക്കിടയിൽ ഇരുന്ന് കൊണ്ടുവന്ന ഭക്ഷണമൊക്കെ കഴിച്ചു.

ഇനിയുള്ള യാത്ര വളരെ അപകടം പിടിച്ചതായിരുന്നു. ആന ഇറങ്ങിയിട്ടുണ്ട്. ഇതിനിടയിൽ പകുതി ആളുകൾ മുന്നൊട്ട് പോയി. ഞങ്ങൾ കുറച്ചാളുകൾ തോടിന്റെ സൈഡിൽ കൂടി ഈറ്റകാട്ടിലൂടെ പയ്യെ മുന്നോട്ട് നീങ്ങി. അങ്ങനെ പോകുന്നത് അപകടമാണ് ഈറ്റയുടെ ഇടയിൽ ആന നിൽക്കുന്നത് അറിയില്ല എന്ന് ഗൈഡ് പറഞ്ഞു. എന്നിട്ടവർ തൊട്ടിലേക്കിറങ്ങി പയ്യെ മുന്നോട്ട് നീങ്ങി നിരീക്ഷണത്തിന് ശേഷം മുന്നോട്ട് നിങ്ങികൊള്ളാൻ പറഞ്ഞു.

തോടിന്റെ സൈഡിലൂടെയുള്ള യാത്ര അപകടം വരുത്തിവക്കും. ആന വെള്ളം കുടിക്കാൻ വരാനുള്ള സാധ്യത ഉണ്ട്. മുന്നേ പോയവർ പോയ വഴിയേ തന്നെ പോകാം എന്ന് ഞങ്ങൾ വിചാരിച്ചു. എന്നാൽ അവർ പെട്ടിരിക്കുവായിരുന്നു. അവരുടെ വഴി മദ്ധ്യേ അഞ്ചാനകൾ നിൽക്കുന്നുണ്ടായിരുന്നു. അവരും ഞങ്ങളോടൊപ്പം ഇറങ്ങി വന്നു. പിന്നീട് സേഫ് ആയ ഒരു സ്ഥലത്തെത്തി പരസ്പരം പരിചയ പെടുത്തലിന് ശേഷം തേൻ നോക്കി മലയുടെ നെറുകയിൽ നിന്ന് ഞങ്ങൾ താഴേക്ക് ..


Post a Comment

Copyright © Sanchari Club. Designed by OddThemes
Copyright © Sanchari Club. Designed by Faizal Ps