കൊല്ലം ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍

Credits ‪#‎ Waterfalls_kerala_kollam_Dist_Yathra‬  # Yathra # Anchal Riyas


കൊല്ലം ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും വെള്ളച്ചാട്ടങ്ങള്‍
(നമ്മുടെ നാട്ടിൽ ആരാലും അറിയപ്പെടാതെപോകുന്ന മഴക്കാലത്ത്‌ സജീവമാകുന്ന നിരവധി പ്രാദേശികമായ വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അവയെകുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും എല്ലാ കൂട്ടുകാരും പങ്കുവെക്കുമല്ലൊ.... )
1. പാലരുവി -
സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. മാത്രവുമല്ല, അതിശക്തമായ വേനല്‍ക്കാലത്തും സജീവമായി നിലനില്‍ക്കുന്ന കേരളത്തിലെ ചുരുക്കം ചില വെള്ളചാട്ടങ്ങളില്‍ ഒന്നാണ് പാലരുവി. അപകട സാധ്യതയില്ലാത്തതാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക സൌകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട് കൊല്ലത്തുനിന്നും 75കിലോമീറ്റര്‍ ദൂരത്തില് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് ജങ്ങ്ഷനു മുന്‍പേ വലത്തോട്ട് തിരിഞ്ഞു വനത്തിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ പാലരുവിയില്‍ എത്തിച്ചേരും.
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത എക്കോ ടൂറിസം പദ്ധതിയായ തെന്മല എക്കോ ടൂറിസം, തെന്മല ഡാം, അരിപ്പ വനം,കുറ്റാലം വെള്ളച്ചാട്ടം തുടങ്ങിയവ സമീപ ആകര്‍ഷണങ്ങള്‍ ആണ്.
റുട്ട് -1 തിരുവനന്തപുരത്തുനിന്നും വരുന്നവര്‍- നെടുമങ്ങാട്‌-പാലോട്-മാടത്തറ-കുളത്തൂപുഴ-തെന്മല-പാലരുവി. റുട്ട് -2 S H റോഡ്‌ (പഴയ എം സി റോഡ്‌ വഴി) - കൊട്ടാരക്കര –പുനലൂര്‍- തെന്മല പാലരുവി ഇതുവഴി തെരഞ്ഞെടുക്കാം.
2. കുംഭാവുരുട്ടി വെള്ളച്ചാട്ടം
ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. ഏറെ സാഹസികമായി മാത്രമേ ജലപാതത്തിനരികിൽ എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്. 250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം.ജലപാതത്തിൽ എത്താൻ ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.
റുട്ട് -1 S H റോഡ്‌ (പഴയ എം സി റോഡ്‌ വഴി) കൊട്ടാരക്കര - പുനലൂർ - പിറവന്തൂർ-അച്ചൻകോവിൽ- കുംഭാവുരുട്ടി വെള്ളച്ചാട്ടം.
റുട്ട് -2. തിരുവനന്തപുരം -നെടുമങ്ങാട്‌ -പാലോട്-കുളത്തൂപ്പുഴ-തെന്മല-കഴുതുരുട്ടിയിൽ നിന്നും ഇടത്തോട്ട് -നെടുംപറ -അമ്പനാട് ഹിൽസ്-
3. കുറ്റാലം വെള്ളച്ചാട്ടം - കൊല്ലം ജില്ലയിലെ കിഴക്ക് ആര്യങ്കാവ് കഴിഞ്ഞ് തമിഴ് നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്കും ചെങ്കോട്ടയ്ക്കും ഇടക്കായി സ്ഥിതി ചെയ്യുന്നതാന് കുറ്റാലം വെള്ളച്ചാട്ടം .കുറ്റാലം പ്രധാന വെള്ളച്ചാട്ടത്തിനു സമീപ പ്രദേശങ്ങളിലായി വേറെയും നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട്.
പേരരുവി: ഏതാണ്ട് 60 മീറ്റർ ഉയരം വരുന്ന പ്രധാന വെള്ളച്ചാട്ടമാണിത്. മെയിൻ ഫാൾസ് എന്നാണറിയപ്പെടുന്നത്.
ചിറ്റരുവി:പേരരുവിക്കല്പമകലെയുള്ള ചെറിയ വെള്ളച്ചാട്ടം ചിറ്റരുവി എന്നറിയപ്പെടുന്നു. ചിറ്റരുവിക്ക് മുകളിലൂടെ മല കയറിയാൽ ചമ്പാദേവിയിലെത്താം
ചമ്പാദേവി വെള്ളച്ചാട്ടം: ചമ്പാദേവി വെള്ളച്ചാട്ടവും ചമ്പാദേവി അമ്പലവും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. സാധാരണ ഇങ്ങോട്ട് പ്രവേശനം ഇല്ല. എല്ലാ മാസവും പൗർണമി നാളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടക്കുമ്പോൾ മാത്രം ഭക്തർ സംഘങ്ങളായി ഇവിടെ വരും. അന്ന് ഒരു ദിവസം മാത്രം ഇവിടം ജനസാന്ദ്രമാവും.
തേനരുവി വെള്ളച്ചാട്ടം: സാഹസികമായി വീണ്ടും മുകളിലേക്ക് കയറിയാൽ തേനരുവിയിലെ ഗംഭീരമായ വെള്ളച്ചാട്ടത്തിലെത്താം. മല കയറുവാൻ ഫോറസ്റ്റ് വകുപ്പിന്റെ സമ്മതം ആവശ്യമായി വരും. വഴി അതീവ ദുർഘടം തന്നെ.
പഴയ കുറ്റാലം അരുവി: മെയിൻ ഫാൾസ് എത്തുന്നതിന് മുൻപ് ഇടത്തു തിരിഞ്ഞ്, അംബൈ റോഡിലൂടെ ഏഴ് കിലോമീറ്റർ പോയാൽ, പഴയ കുറ്റാലം വെള്ളച്ചാട്ടത്തിലെത്താം.
ഐന്തരുവി വെള്ളച്ചാട്ടം: മെയിൻ ഫാൾസിൽ നിന്ന് അഞ്ചെട്ട് കിലോമീറ്റർ പോയാൽ ഐന്തരുവിയായി.ഇവിടെ വെള്ളച്ചാട്ടം അഞ്ചായിപ്പിരിഞ്ഞു വീഴുന്ന മനോഹര കാഴ്ച ആസ്വദിക്കാം.
4. ഓലിയരിവ് - കൊല്ലം ജില്ലയിലെ കിഴക്കാൻ പ്രദേശമായ അഞ്ചല്‍ - ഏരൂര്‍ - വിളക്ക്പാറ റൂട്ടില്‍ , ആയിലറ ജങ്ങ്ഷന്‍ എത്തുന്നതിനു മുന്‍പ് കലങ്ങ് ജങ്ങ്ഷനില്‍ നിന്നും ഇടത്തോട്ടു ആര്ച്ചല്‍ മാവിള റോഡില്‍ നിന്നും കുറച്ചു മാറി സ്ഥിതിചെയ്യുന്ന വെള്ളചാട്ടം. മഴക്കാലത്ത് ഈ വെള്ളച്ചാട്ടം അതിന്‍റെ പൂര്‍ണതയില്‍ എത്തും.
5. അഞ്ചല് - വിളക്കുപാറ റൂട്ടിൽ തന്നെ ആയിലറ ജങ്ങ്ഷൻ കഴിഞ്ഞു കുറച്ചു മുന്നോട്ടുപോകുമ്പോൾ റോഡിനു സമീപത്തായി കാണുന്ന മറ്റൊരു വെള്ളച്ചാട്ടം .
ഇതുപോലെ നമ്മുടെ നാട്ടിൽ ആരാലും അറിയപ്പെടാതെ നിരവധി പ്രാദേശികമായ വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അവയെകുരിച്ചുള്ള വിവരങ്ങളും ഫോട്ടോകളും എല്ലാ കൂട്ടുകാരും പങ്കുവെക്കുമല്ലൊ....

( ചിത്രങ്ങള്‍ & വിവരണങ്ങള്‍ ഭാഗികമായി ഗൂഗിളിന് കടപ്പെട്ടിരിക്കുന്നു)


Copyright © Sanchari Club. Designed by OddThemes
Copyright © Sanchari Club. Designed by Faizal Ps